മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!

ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാര്‍ദ്രമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍കൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍,ദല-
മര്‍മ്മരമൊഴുകീ മരനിരയില്‍

ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍!
ദേവദയാമയ മലയജശകലം
താവിയ നിന്‍ കുളിര്‍നിടിലത്തില്‍.
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍!
സത്വഗുണശ്രീåചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,
ചടുലോല്‍പല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ….

തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‍പന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാന്‍!….

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി-നടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: “യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!….
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ….”

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്‍തിരികള്‍?
അപ്പൊന്‍തിരികള്‍ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?…
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-
സര്‍വ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍?
നിന്‍കവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍.
അകലത്തറിയാത്തലയാഴികള്‍ത-
ന്നകഗുഹകളില്‍ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്‍ഹതചേതന
പിടികിട്ടാത്തൊരു വേദനയില്‍?….

വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ

ചന്ദ്രിക
കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

രമണന്‍
ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!
എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാന്‍ സമ്മതമേകുകില്ല!
ഈ മണിമേടയില്‍ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?

ചന്ദ്രിക
ഈ മണിമേടയിലെന്‍‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

രമണന്‍
പാടില്ല, പാടില്ല, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ്

ചന്ദ്രിക
ആലോലവല്ലികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

രമണന്‍
ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

ചന്ദ്രിക
അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!

രമണന്‍
ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തില്‍.

ചന്ദ്രിക
എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!

രമണന്‍
നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.

ചന്ദ്രിക
എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍
നിന്നോടുകൂടി വരുന്നു ഞാനും!

രമണന്‍
എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേള്‍ക്കരുതേ!

ചന്ദ്രിക
എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

രമണന്‍
നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

ചന്ദ്രിക
എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?

രമണന്‍
കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില്‍!

ചന്ദ്രിക
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണി ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

രമണന്‍
ഇന്നു മുഴുവന്‍ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

ചന്ദ്രിക
ജീവേശ, നിന്‍‌വഴിത്താരകളില്‍-
പൂവിരിക്കട്ടെ തരുനിരകള്‍
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിന്‍ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!


(രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു)

വൈലോപ്പിള്ളിയുടെ പടയാളികള്‍‍ എന്ന കവിത

പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു* രണ്ടുപേര്‍‍;

ഒന്നൊരു വേട്ടുവന്‍‍* മറ്റേതവന്‍‍‍ വേട്ട‌
പെ,ണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;

ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും*
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ* നല്‍‍‍കയാം.

തേക്കൊട്ട* മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,

ഗദ്‍ഗദരുദ്ധമാം* രോദനം* പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ം* വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാക*മുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന* വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍*പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!*

കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!*

ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?*

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;

പഞ്ചഭൂതങ്ങളോ*ടങ്കമാടീടുമീ-
പ്പഞ്ചമരത്രേ* പെരുംപടയാളികള്‍‍‍.

മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍

കാന്തന്റെ* തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി*

പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി*
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ* വാളിന്‍‍‍നിണപ്പൂഴ*ക്കേളികള്‍‍‍.

ആരാണു വീറോടു* പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?